ഇസ്രായേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീൻ അനുകൂല നിലപാടുമായി ഇന്ത്യ. സമാധാനപരമായ ഒത്തുതീർപ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോർക്ക് പ്രഖ്യാപനം’ അംഗീകരിക്കുന്ന യുഎൻ പൊതുസഭയിൽ ഇന്ത്യ ഒരു പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഫ്രാൻസ് അവതരിപ്പിച്ച പ്രമേയം 142 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തുകൊണ്ട് പാസാക്കി.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ, ‘പലസ്തീനിൽ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കലും സംബന്ധിച്ച ന്യൂയോർക്ക് പ്രഖ്യാപനത്തിന്റെ അംഗീകാരം’ എന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.
എല്ലാ ഗൾഫ് അറബ് രാജ്യങ്ങളും ഈ നീക്കത്തെ പിന്തുണച്ചു. ഇസ്രായേൽ, അമേരിക്ക, അർജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നിവ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ വോട്ട് ചെയ്തത് ഗാസയെക്കുറിച്ചുള്ള മുൻ നിലപാടിൽ നിന്നുള്ള വ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു .സമീപ വർഷങ്ങളിൽ, സംഘർഷത്തിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയങ്ങളെ പിന്തുണയ്ക്കുന്നതിൽ നിന്ന് മോദി സർക്കാർ ഒഴിഞ്ഞുമാറി. മൂന്ന് വർഷത്തിനിടെ നാല് തവണ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പൊതുസഭാ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

