ന്യൂഡൽഹി: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ കേസിൽ വഴിത്തിരിവ്. കേസിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അനിഷ്ടകരമായി ഒന്നും സംഭവിക്കില്ലെന്നും നിലവിൽ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്രം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഹർജി നൽകിയ കെ എ പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ല എന്ന് കേന്ദ്രം മറുപടി നൽകി. നിമിഷപ്രിയയ്ക്ക് നിയമപരമായ പിന്തുണ നൽകുന്ന ഹർജിക്കാരുടെ സംഘടനയായ സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ അഭിഭാഷകനാണ് കേസിന്റെ വിശദാംശങ്ങൾ അറിയിക്കുന്നത്.
കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനോട് കേസിൽ പുതിയ മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ആക്ഷൻ കൗൺസിലിന്റെ ഹർജി സുപ്രീംകോടതി ജനുവരിയിൽ പരിഗണിക്കാൻ തീരുമാനിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ അതിന് മുമ്പ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

2017-ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം. തലാൽ അബ്ദുൽ മഹ്ദിയെന്ന യെമൻ പൗരനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിചാരണ പൂർത്തിയാക്കി കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് നിയമ പോരാട്ടം യെമൻ സുപ്രീംകോടതിയിൽ എത്തി. സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചിരുന്നു.

വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിർദേശം സനായിലെ ജയിൽ അധികൃതർക്ക് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ വധശിക്ഷ നടപ്പിലാക്കേണ്ട തലേ ദിവസം ശിക്ഷ മാറ്റി വയ്ക്കുകയായിരുന്നു. ജൂലൈ 16ന് നിശ്ചയിച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തതായി നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
