ധാക്ക: ഇനിയും കീഴടങ്ങുന്ന രാജ്യമായിരിക്കില്ല ബംഗ്ലാദേശെന്ന് ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനസ്. രാജ്യത്തിൻ്റെ പരമാധികാരവും അന്തസും ദേശീയ താത്പര്യങ്ങളും പുനഃസ്ഥാപിക്കാൻ തൻ്റെ 18 മാസം നീണ്ട ഭരണത്തിനായെന്നും മുഹമ്മദ് യൂനസ് കൂട്ടിച്ചേർത്തു. വിടവാങ്ങൽ പ്രസംഗത്തിലാണ് പ്രസ്താവന.

രാജ്യത്തിൻ്റെ സ്വതന്ത്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വളരെയേറെ ഉത്തരവാദിത്വമുള്ളതായി ഇപ്പോഴുള്ള ബംഗ്ലാദേശ് മാറിയെന്നും മുഹമ്മദ് യൂനസ് കൂട്ടിച്ചേർത്തു. “ഇനി മുതൽ ബംഗ്ലാദേശ് എന്ന രാജ്യം മറ്റ് രാജ്യങ്ങളുടെ വിദേശനയങ്ങളോടോ നിർദേശങ്ങളോടോ കീഴടങ്ങുകയോ ആശ്രയിക്കുന്നതോ അല്ല. തൻ്റെ 18 മാസത്തെ ഭരണകാലം രാജ്യത്തിൻ്റെ മൂന്ന് അടിസ്ഥാന അടിത്തറകൾ പുനർനിർമ്മിച്ചു.
പാർട്ടി, മതം, ജാതി, ലിംഗഭേദം എന്നിവ പരിഗണിക്കാതെ മാനുഷികവും നീതിപരവും ജനാധിപത്യപരവുമായ ഒരു ബംഗ്ലാദേശ് കെട്ടിപ്പടുക്കുന്നതിനുള്ള പോരാട്ടം തുടരാൻ ഞാൻ ആഹ്വാനം ചെയ്യുന്നു. വളരെയധികം ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാൻ വിട പറയുന്നത്” മുഹമ്മദ് യൂനസ് വിടവാങ്ങൽ പ്രസംഗത്തിനിടെ പറഞ്ഞു.

ബംഗ്ലാദേശിനോട് ചേർന്നുള്ള ബംഗാൾ ഉൾക്കടൽ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകുമെന്നും മുഹമ്മദ് യൂനസ് പറഞ്ഞു. നേപ്പാളും ഭൂട്ടാനും ഇന്ത്യയും ഉൾക്കൊള്ളുന്ന പ്രാദേശിക സഹകരണത്തിൻ്റെ വിശാലമായ വളർച്ചയെ കുറിച്ചും വ്യക്തമാക്കി.

രാജ്യത്തെ തുറമുഖങ്ങളുടെ കാര്യക്ഷമത അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായി. പ്രമുഖ അന്താരാഷ്ട്ര തുറമുഖ മാനേജ്മെൻ്റ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവയ്ക്കുന്നതിൽ തങ്ങൾ വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. കാര്യക്ഷമത വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ സാമ്പത്തിക നേട്ടങ്ങളിൽ രാജ്യം പിന്നോട്ട് പോകുമെന്നും മുഹമ്മദ് യൂനസ് പറഞ്ഞു.
വിടവാങ്ങൽ പ്രസംഗത്തിൽ മുഹമ്മദ് യൂനസ് എന്ത് പറഞ്ഞാലും ഭരണകൂടം ബോധപൂർവമായ ശ്രമത്തിലൂടെ ധ്രുവീകരിക്കപ്പെട്ട ബംഗ്ലാദേശിനെ കൂടുതൽ വിഭജിക്കുകയാണ് ചെയ്തത്. ദുർബലമായ രാഷ്ട്രീയ സാഹചര്യത്തിനും കാരണമായി. തീവ്ര വലതുപക്ഷ ഘടകങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും സുരക്ഷാ, രാഷ്ട്രീയ വിശകലന വിദഗ്ധൻ നസീർ ഉദ്ദീൻ പറഞ്ഞു.
