അഡിസ് അബാബ: ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്യോപ്യയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രൗഡഗംഭീരമായ സ്വീകരണം. എത്യോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച മോദി ഇന്ത്യയുമായി എത്യോപ്യയ്ക്കുള്ള സാംസ്കാരിക ബന്ധത്തെ കുറിച്ചും രാജ്യത്തിന്റെ ചരിത്രത്തെ പരാമര്‍ശിച്ചുമായിരുന്നു സംസാരിച്ചത്.

ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരവും എത്യോപ്യയുടെ ദേശീയ ഗാനത്തെയും പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം. നമ്മുടെ ഭൂമിയെ മാതാവ് എന്നാണ് ഇരു ഗാനങ്ങളും പറയുന്നത്. പൈതൃകം, സംസ്കാരം, സൗന്ദര്യം എന്നിവയില്‍ അഭിമാനിക്കാനും മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നു.
എത്യോപ്യയില്‍ എത്തിയപ്പോള്‍ തനിക്ക് വീട്ടിലെത്തിയതുപോലെ തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സിംഹങ്ങളുടെ നാടാണ് എത്യോപ്യ. എന്റെ മാതൃസംസ്ഥാനമായ ഗുജറാത്ത് ഇന്ത്യയിലെ സിംഹങ്ങളുടെ ആവാസ കേന്ദ്രമാണ്. ഇവിടെ എത്തിയപ്പോള്‍ വീട്ടിലെത്തിയതുപോലെ തോന്നുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് എത്യോപ്യയ്ക്ക് നാലു ദശലക്ഷത്തിലധികം വാക്സീന് ഡോസുകള്‍ ഇന്ത്യ നല്കി. ഇത് അഭിമാനകരമായ നേട്ടമാണ്. എത്യോപ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരില്‍ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുന്നു. ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആരംഭിച്ചതാണ് ഇന്ത്യ എത്യോപ്യ ബന്ധം.

ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ
ആശയങ്ങളും ജീവിതരീതിയും കൈമാറ്റം ചെയ്യപ്പെട്ടു. അഡിസ്, ധോലേര പോലുള്ള തുറമുഖങ്ങള്‍ വെറും വ്യാപാര കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. നാഗരികതകളെ ഒന്നിപ്പിച്ച ഇടങ്ങള്‍ കൂടിയായിരുന്നു എന്നും മോദി പറഞ്ഞു. ജന്തു സസ്യ ജാലങ്ങളില്‍ പോലും ഇരു രാജ്യങ്ങളും തമ്മില്‍ സാമ്യം ഉണ്ട്. ആധുനിക ചരിത്രത്തിലും ഈ ബന്ധം തുടര്‍ന്നു. എത്യോപ്യയുടെ വിമോചനത്തിനായി 1941 ല്‍ ഇന്ത്യന്‍ സൈനികര്‍ തദ്ദേശീയര്‍ക്കൊപ്പം പോരാടിയ ചരിത്രവും ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് കടക്കുകയാണ്, നരേന്ദ്ര മോദി പറഞ്ഞു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ- എത്യോപ്യ ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു.
ജോര്‍ദാനില്‍ ആരംഭിച്ച ത്രിരാഷ്ട്ര ആഫ്രിക്കന്‍ പര്യടനം അവസാനിപ്പിച്ച നരേന്ദ്ര മോദിയെ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയാണ് വിമാനത്താവളത്തിലേക്ക് എത്തിച്ചത്. എത്യോപ്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി സഞ്ചരിച്ച കാര്‍ ഓടിച്ചത്. എത്യോപ്യയില്‍ നിന്നും പ്രധാനമന്ത്രി ഒമാനിലേക്ക് തിരിച്ചു.
