ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ ഇളവ് നിർത്തലാക്കാൻ ഇറാൻ. സാധാരണ പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ നൽകിയിരുന്ന അനുമതിയാണ് റദ്ദാക്കുന്നത്. നവംബർ 22 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

ഇനിമുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വിസ എടുക്കേണ്ടിവരും.
മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസുകളും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള ഇറാൻ്റെ തീരുമാനം. വിസയില്ലാതെ യാത്ര വാഗ്ദാനം ചെയ്യുന്ന ഏജൻ്റുമാരെ വിശ്വസിച്ച് ഇറാനിൽ പോകരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തൊഴിൽ വാഗ്ദാനം ചെയ്തും മറ്റു രാജ്യങ്ങളിലേക്ക് പോകാൻ സഹായിക്കാം എന്ന് പറഞ്ഞും പലരെയും ഇറാനിലേക്ക് ആകർഷിച്ച് തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഈ നടപടി.

