ലണ്ടൻ: വിവാദ അമേരിക്കൻ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ആരോപണവിധേയനായ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെ യുകെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുപദവിയിലിരിക്കെ ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ഈ അപ്രതീക്ഷിത നടപടി. കിംഗ് ചാൾസ് മൂന്നാമന്റെ സഹോദരനായ ആൻഡ്രൂവിനെതിരെയുള്ള ഈ നീക്കം ബ്രിട്ടീഷ് രാജകുടുംബത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ആൻഡ്രൂവിനെതിരെ ഗൗരവകരമായ തെളിവുകൾ കണ്ടെത്തിയിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക ചൂഷണങ്ങൾക്കും ഇടപാടുകൾക്കും തന്റെ ഔദ്യോഗിക പദവി ആൻഡ്രൂ മറയാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
വിവാദങ്ങൾ കടുത്തതോടെ മാസങ്ങൾക്ക് മുമ്പ് ആൻഡ്രൂവിനെ രാജകീയ പദവികളിൽ നിന്നും സൈനിക ബഹുമതികളിൽ നിന്നും കിംഗ് ചാൾസ് നീക്കം ചെയ്തിരുന്നു. നിലവിൽ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്സർ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

എപ്സ്റ്റീൻ ഫയലുകളിലെ ഇമെയിലുകളും പുതിയ സാക്ഷിമൊഴികളും ആൻഡ്രൂവിന് വിനയായി മാറുകയായിരുന്നു. നേരത്തെ താൻ എപ്സ്റ്റീനുമായി അത്ര അടുപ്പത്തിലായിരുന്നില്ലെന്ന ആൻഡ്രൂവിന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന പുതിയ ഫോട്ടോകളും രേഖകളും അടുത്തിടെ പുറത്തുവന്നിരുന്നു.

ആൻഡ്രൂവിനെതിരായ ക്രിമിനൽ അന്വേഷണത്തോട് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇരകൾക്ക് നീതി ലഭിക്കണമെന്ന പക്ഷത്താണ് രാജാവ് എന്ന് കൊട്ടാരം വൃത്തങ്ങൾ സൂചന നൽകുന്നു.
