ജോഹന്നാസ്ബർഗ്: ഭീകരവാദത്തിനെതിരെ സംയുക്ത പ്രമേയം പാസാക്കി ജോഹന്നാസ്ബർഗിൽ നടന്ന 20-ാമത് ജി20 ഉച്ചകോടി. ഒരു രാജ്യവും അന്താരാഷ്ട്ര അതിരുകൾ മാറ്റാൻ ശക്തിയോ ഭീഷണിയോ ഉപയോഗിക്കരുതെന്നും പ്രമേയം ഊന്നിപ്പറഞ്ഞു.

എല്ലാ രൂപത്തിലുള്ള ഭീകരവാദത്തേയും പ്രമേയം അപലപിച്ചു. വംശം, ലിംഗഭേദം, ഭാഷ, മതം എന്നിവ പരിഗണിക്കാതെ മനുഷ്യന്റെ അവകാശങ്ങളേയും മൗലിക സ്വാതന്ത്ര്യങ്ങളേയും ബഹുമാനിക്കണമെന്നും പ്രമേയം വ്യക്തമാക്കി. സാധാരണഗതിയിൽ ഉച്ചകോടിക്ക് ശേഷമാണ് സംയുക്ത പ്രസ്താവനകൾ ഉണ്ടാകാറുള്ളത്. ഇത്തവണ നേതാക്കളുടെ ഉച്ചകോടിയുടെ തുടക്കത്തിൽ തന്നെ പ്രഖ്യാപനം അംഗീകരിച്ചത് ശ്രദ്ധേയമായി.
യുഎൻ ചാർട്ടർ അനുസരിച്ച് ഏത് രാജ്യത്തിൻ്റെയും പ്രാദേശിക അഖണ്ഡതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരെ ഭീഷണിയോ ബലപ്രയോഗമോ നടത്തി അതിർത്തികൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് പ്രമേയം അടിവരയിട്ടു. റഷ്യ, ഇസ്രായേൽ, മ്യാൻമർ പോലുള്ള രാജ്യങ്ങൾക്കുള്ള പരോക്ഷ സൂചനയായാണ് ഇതിനെ നയതന്ത്രജ്ഞർ വിലയിരുത്തുന്നത്.

ആഗോള അരക്ഷിതാവസ്ഥ, വർദ്ധിച്ചുവരുന്ന ഭൗമ-സാമ്പത്തിക മത്സരം, വർദ്ധിച്ചുവരുന്ന അസമത്വം എന്നിവ സമഗ്രമായ വളർച്ചയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്ന് ജി20 ചൂണ്ടിക്കാട്ടി. ‘രാജ്യങ്ങളുടെ ഒരു ആഗോള സമൂഹമെന്ന നിലയിൽ പര്സ്പര ബന്ധങ്ങൾ ഞങ്ങൾ മനസിലാക്കുന്നു. ബഹുമുഖ സഹകരണം, മാക്രോ നയ ഏകോപനം, സുസ്ഥിര വികസനത്തിനായുള്ള ആഗോള പങ്കാളിത്തം, ഐക്യം എന്നിവയിലൂടെ ആരും പിന്നിൽ അല്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രതിബദ്ധരാണ്. യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും തത്വങ്ങളോട് ജി20 പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രമേയം വ്യക്തമാക്കി.

പ്രകൃതിദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളെ, പ്രത്യേകിച്ച് ചെറുദ്വീപ് രാജ്യങ്ങളേയും വികസ്വര രാജ്യങ്ങളെയും സഹായിക്കേണ്ടതിൻ്റെ ആവശ്യകതയും പ്രഖ്യാപനം എടുത്തുപറഞ്ഞു. ഈ രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനും ലഘൂകരിക്കാനും പുനർനിർമ്മാണത്തിനുമുള്ള ചെലവുകൾക്കായി ബുദ്ധിമുട്ടുകയാണ്. വികസ്വര രാജ്യങ്ങളിലെ ഉയർന്ന കടം, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കെല്ലാം ഇപ്പോഴും തടസങ്ങൾ തീർക്കുന്നുണ്ടെന്ന് ജ20 മുന്നറിയിപ്പ് നൽകി.
