ഡൽഹി: ഇറാനിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് നിർദേശം. കൊമേഴ്സ്യൽ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പൗരന്മാർ മടങ്ങണമെന്ന് പുതിയ യാത്രാ നിർദേശത്തിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഇറാനിലെ സർവകലാശാലകളിൽ പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതും, യുഎസ് സൈനിക നടപടിയുണ്ടാകുമെന്ന ഭീതിയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസി കർശന നിർദേശം പുറപ്പെടുവിച്ചത്. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ ഇറാനിലുള്ള എല്ലാ ഇന്ത്യക്കാർക്കും നിർദേശം ബാധകമാണ്.
ജനുവരിയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം, വിദ്യാർത്ഥികൾ ഉൾപ്പെടെ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിൽ താമസിക്കുന്നത്. ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് ഉടൻ മടങ്ങണമെന്നും. പാസ്പോർട്ട്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ എപ്പോഴും കൈവശം വെക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുകയും ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്താനും നിർദേശമുണ്ട്.

കഴിഞ്ഞ ജനുവരിയിൽ നൽകിയ നിർദേശത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഫെബ്രുവരി 25-26 തീയതികളിൽ മോദി ഇസ്രായേൽ സന്ദർശിക്കും. അധികാരമേറ്റതിനുശേഷം ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിന് കരാറിൽ എത്തിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയതോടെ, മിഡിൽ ഈസ്റ്റിൽ യുഎസ് സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

