അബുദാബി: നാലു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന കരാറിന് യുക്രൈൻ സർക്കാർ അംഗീകാരം നൽകിയതായി റിപ്പോർട്ട്. കരാറിലെ പ്രധാന വ്യവസ്ഥകളിൽ ധാരണയായെന്നും ഇനി ചില ചെറിയ കാര്യങ്ങൾ കൂടി മാത്രമേ തീരുമാനിക്കാനുള്ളൂവെന്നും യുഎസ് ഉദ്യോഗസ്ഥരും യുക്രൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവും വ്യക്തമാക്കിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സമാധാന പദ്ധതിയുടെ തുടർചർച്ചകൾക്കായി യുഎസ് ഉന്നതതല സംഘം യുഎഇയിൽ റഷ്യൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളിൻ്റെ നേതൃത്വത്തിലുള്ള യുഎസ് സംഘമാണ് അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. ചർച്ചകൾ ക്രിയാത്മകമാണെന്നും സമാധാന ശ്രമങ്ങളിൽ ശുഭപ്രതീക്ഷയുണ്ടെന്നും ഡ്രിസ്കോളിൻ്റെ വക്താവ് അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതി പ്രകാരം യുക്രൈൻ തങ്ങളുടെ അധീനതയിലുള്ള കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകേണ്ടി വരും. കൂടാതെ സൈനിക നിയന്ത്രണങ്ങൾ അംഗീകരിക്കുകയും നാറ്റോ അംഗത്വം എന്നന്നേക്കുമായി ഉപേക്ഷിക്കുകയും വേണം. നേരത്തെ കീഴടങ്ങലിന് തുല്യമാണെന്ന് വിശേഷിപ്പിച്ച് യുക്രൈൻ തള്ളിക്കളഞ്ഞ വ്യവസ്ഥകളായിരുന്നു ഇവ.

ചൊവ്വാഴ്ചയ്ക്കകം സമാധാന കരാർ അംഗീകരിക്കണമെന്നായിരുന്നു ട്രംപ് യുക്രൈന് നൽകിയ അന്ത്യശാസനം. റഷ്യയ്ക്ക് അനുകൂലമായ കരാറിൽ ഒപ്പിടാൻ ട്രംപ് ഭരണകൂടം യുക്രൈനെ നിർബന്ധിതരാക്കുകയാണോ എന്ന ആശങ്ക യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ശക്തമാണ്.

അടുത്ത ദിവസങ്ങളിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി അമേരിക്ക സന്ദർശിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രദേശങ്ങൾ വിട്ടുനൽകുന്നത് സംബന്ധിച്ചും മറ്റ് നിർണ്ണായക വിഷയങ്ങളിലും ട്രംപും സെലെൻസ്കിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയിലാകും അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക എന്നാണ് വിവരം. റഷ്യൻ പ്രസിഡൻ്റ് പുടിനും ട്രംപും തമ്മിൽ ഓഗസ്റ്റിൽ നടന്ന ഉച്ചകോടിയിലെ ധാരണകൾ ഉൾക്കൊള്ളുന്നതാകണം പുതിയ കരാറെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചു.
