ന്യൂയോര്‍ക്ക്: ഗാസയിലെ ജോലി ഇസ്രയേൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനോട് ആയുധം താഴെയിടാൻ ആഹ്വാനം ചെയ്തുകൊണ്ട്, വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പ്രതിനിധികളിൽ പലരും കൂക്കിവിളിച്ച് കസേരയിൽ നിന്ന എഴുന്നേറ്റ് ഹാളിനു പുറത്തേക്ക് പോവുകയായിരുന്നു.

ഗസായിൽ നടത്തുന്ന വംശഹത്യയെ ന്യായീകരിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. പലസ്തീൻ ഇപ്പോഴും തടവിൽ വച്ചിരിക്കുന്ന ബന്ദികളെ മറന്നിട്ടില്ലെന്നും തന്റെ ജനത്തെ വിട്ടയക്കൂ, എന്നും നെതന്യാഹു പറഞ്ഞു. അങ്ങനെ ചെയ്താൽ നിങ്ങൾ ജീവിക്കുമെന്നും അല്ലാത്തപക്ഷം ഇസ്രയേൽ നിങ്ങളെ വേട്ടയാടുമെന്നു നെതന്യാഹു മുന്നറിയിപ്പു നൽകി.
ഗാസയിലെ പൗരന്മാരെ ഇസ്രയേൽ മനഃപൂർവ്വം ലക്ഷ്യമിടുന്നുവെന്ന ആരോപണങ്ങൾ തെറ്റാണെന്ന് നെതന്യാഹു പറഞ്ഞു. സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും ഗാസ നഗരം ഒഴിപ്പിക്കുന്നതിനും ഇസ്രയേൽ ദശലക്ഷക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്യുകയും ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പള്ളികളിലും സ്കൂളുകളിലും ആശുപത്രികളിലും അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലും ഹമാസ് വ്യാപിച്ചതായും സാധാരണക്കാരെ അപകടാവസ്ഥയിൽ തുടരാൻ നിർബന്ധിക്കുന്നതായും തോക്കിന് മുന്നിൽ നിർത്തി ഭീഷണിപ്പെടുത്തുന്നതായും നെതന്യാഹു ആരോപിച്ചു. വംശഹത്യയും പട്ടിണിയും സംബന്ധിച്ച ആരോപണങ്ങൾ നിഷേധിച്ച നെതന്യാഹു, ജനങ്ങൾക്കുള്ള ഇസ്രയേലിന്റെ മുന്നറിയിപ്പുകൾ വംശഹത്യ എന്ന അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്ന് പറഞ്ഞു.

രണ്ടാം ലോകമഹായുദ്ധകാലത്തെ ഹോളോകോസ്റ്റിനെ പരാമർശിച്ചുകൊണ്ട്, നാസികൾ ജൂതന്മാരോട് പോകാൻ ആവശ്യപ്പെട്ടോ? എന്നും നെതന്യാഹു ചോദിച്ചു. ഹമാസ് സാധനങ്ങൾ മോഷ്ടിക്കുകയും പൂഴ്ത്തിവയ്ക്കുകയും വിൽക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഗാസയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതെന്നും നെതന്യാഹു ആരോപിച്ചു.2023 ൽ ഹമാസിന്റെ നേതൃത്വത്തിലുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഇസ്രായേലിന്റെ വിവരണം അടങ്ങിയ ക്യുആർ കോഡ് ലാപ്പലിൽ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു നെതന്യാഹു പ്രസംഗത്തിനെത്തിയത്. ഇറാനെതിരായ ആക്രമണങ്ങളിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിർവീര്യമാക്കിയതിനും ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിനും ഇസ്രായേലി, യുഎസ് സേനകളെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി പ്രശംസിച്ചു.

