ന്യൂയോർക്ക്: വിദേശ മരുന്നകൾക്ക് താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമാ ലോകത്തും താരിഫ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും നൂറ് ശതമാനം താരിഫാണ് ട്രംപ് പുതിയതായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ എന്ന ചാനലിൽ പങ്കിട്ട പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഈ തീരുമാനം.

അതേസമയം താരിഫിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതുവരെ ട്രംപ് ഉൽപ്പന്നങ്ങൾക്ക് മേൽ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സർവീസ് സെക്ടറിലേക്ക് കൂടി കടക്കും.ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ട്രംപ് ആദ്യം തന്റെ ഈ ആലോചന വെളിപ്പെടുത്തിയത്.
അമേരിക്കയ്ക്ക് പുറത്ത്, മറ്റ് രാജ്യങ്ങളിലെ നികുതി ഇളവിൽ ആകൃഷ്ടരായി ചലച്ചിത്രങ്ങൾ അവിടെ നിർമിക്കുന്ന പതിവുണ്ട്. അതിനാൽ തന്നെ അമേരിക്കയിൽ നിർമിക്കേണ്ട സിനിമകൾ വിദേശത്തേക്ക് ആകർഷിക്കപ്പെട്ടു. കാലിഫോർണിയയെ ഈ മാറ്റം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, ട്രംപിന്റെ പുതിയ നയം ഹോളിവുഡിനെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഡിസ്നി, പാരാമൗണ്ട്, വാർണർ ബ്രദേഴ്സ് എന്നിവയുൾപ്പെടെ നിരവധി യുഎസ് സ്റ്റുഡിയോകൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി വിദേശത്ത് ചിത്രീകരണം നടത്തുന്നുണ്ട്. ട്രംപിന്റെ പുതിയ തീരുമാനം പ്രതിസന്ധിയിലുള്ള ഹോളിവുഡ് സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

