ബീജിംഗ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന ഇന്ത്യ-പാകിസ്താൻ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിരാകരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ അവകാശവാദവുമായി ചൈന രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെട്ട് നേരത്തെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പലതവണ രംഗത്ത് വന്നിരുന്നു. എന്നാൽ ട്രംപിൻ്റ അവകാശവാദത്തെ ഇന്ത്യ ആവർത്തിച്ച് നിഷേധിച്ചിരുന്നു.

ഇന്ത്യ-പാക് സംഘർഷത്തിന് പുറമെ വടക്കൻ മ്യാൻമറിലെ സംഘർഷങ്ങൾ, കംബോഡിയയ്ക്കും തായ്ലൻഡിനും ഇടയിലുള്ള സംഘർഷങ്ങൾ, ഇറാനിയൻ ആണവ പ്രശ്നം എന്നിവയുൾപ്പെടെ മറ്റ് ആഗോള സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ചൈന സമാധാന ചർച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.

