കണ്ണൂര്‍: പിഎസ്സി പരീക്ഷയ്ക്കിടെ ബ്ലൂടൂത്തും കാമറയും ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ഥി പിടിയില്‍.

ശനിയാഴ്ച നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ കണ്ണൂരിലാണ് സംഭവം. പെരളശ്ശേരി സ്വദേശി എന്‍പി മുഹമ്മദ് സഹദ് ആണ് പിടിയിലായത്.
പയ്യാമ്പലം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ പരീക്ഷയെഴുതിയിരുന്ന എന്‍പി മുഹമ്മദ് സഹദിനെ പിഎസ്സി വിജിലന്‍സ് വിങ്ങാണ് പിടികൂടിയത്. ഷര്‍ട്ടിന്റെ കോളറില്‍ സ്ഥാപിച്ച മൈക്രോ കാമറ വഴി ചോദ്യങ്ങള്‍ ചോര്‍ത്തി ഹെഡ്സെറ്റിലൂടെ ഉത്തരം ശേഖരിച്ചാണ് ഉദ്യോഗാര്‍ഥി കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്.

വിജിലന്‍സ് വിങ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് വ്യക്തമായതോടെ സഹദ് ക്ലാസില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോപ്പിയടിക്കാന്‍ ഉപയോഗിച്ച കാമറയുള്‍പ്പെടെ വിജിലന്‍സ് കണ്ടെടുത്തിട്ടുണ്ട്.

