തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം, അബിൻ വർക്കിക്കായി അന്തിമ യുദ്ധത്തിന് ഐ ഗ്രൂപ്പ്. അബിൻ വർക്കിയെ അധ്യക്ഷനാക്കാൻ സൈബർ ഇടങ്ങളിൽ സമ്മർദ്ദം ശക്തമാക്കാൻ നിർദ്ദേശം. അബിൻ വർക്കിക്ക് വേണ്ടി സൈബർ ഇടങ്ങളിൽ മാസ് മൂവേമെന്റ് വേണമെന്ന് ആഹ്വാനം. അബിനെ അധ്യക്ഷനാക്കിയില്ലെങ്കിൽ കൂട്ട രാജിവെയ്ക്കാനും ആഹ്വാനം. യൂത്ത് കോൺഗ്രസ് ഐയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ചർച്ചകൾ.

ലൈംഗിക അതിക്രമ പരാതികൾ ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷ പദവി ഒഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാൻ ദേശീയ നേതൃത്വത്തിനായിട്ടില്ല. കഴിഞ്ഞ മാസം 21-നാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.അധ്യക്ഷ നിയമനം വൈകുന്നതിൽ പാർട്ടിക്കുളളിൽ അമർഷം പുകയുന്നുണ്ട്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിലും എപ്പോൾ നടത്തുമെന്നതിൽ വ്യക്തതയില്ല.
സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിൻ വർക്കി, ഒ ജെ ജിനീഷ് കുമാർ, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, എൻ എസ് യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരാണ് അന്തിമ പട്ടികയിൽ.അബിൻ വർക്കിയെ പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഐ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം ലഭിച്ച അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നാണ് നിലപാട്.

അതേസമയം, കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിലിന് വേണ്ടി കെ സി വേണുഗോപാൽ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും അധ്യക്ഷ നിയമനം വൈകുന്നത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളതിനാൽ ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

