തിരുവനന്തപുരം: കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനു വേണ്ടിയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷാ ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ഭരണഭാഷ പൂര്‍ണ്ണമായും മലയാളമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തുടര്‍ച്ചയായി പല പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. അതിന്റെ ഭാഗമാണ് ഔദ്യോഗിക ഭാഷാ വകുപ്പിന്റെയും വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മലയാള ദിനാഘോഷവും ഇന്നു മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഭരണഭാഷാ വാരാഘോഷവും. മാതൃഭാഷയുടെ വര്‍ദ്ധിച്ച താല്പര്യം കാണാന്‍ കഴിയുന്നുണ്ട്. ഈ താല്പര്യം ഭരണസംവിധാനത്തില്‍ പ്രതിഫലിക്കുന്നതിന് ഇത്തരം പരിപാടികള്‍ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മലയാളം ശ്രേഷ്ഠ ഭാഷയാണ്. ചില വകുപ്പുകള്‍ ഭരണഭാഷ മലയാളം എന്ന കാര്യം വളരെ ഗൗരവത്തില്‍ കാണുന്നില്ല.അതേസമയം മലയാളം കര്‍ശനമായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശം ചില വകുപ്പുകള്‍ ഗൗരവമായി എടുക്കുന്നില്ല.ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉണ്ട്.
മലയാളം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ശ്രേഷ്ഠ ഭാഷയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതു ശ്രേഷ്ഠമാകണമെങ്കില്‍ വിദ്യാഭ്യാസം, ഭരണം, നീതിനിര്‍വഹണം തുടങ്ങി മലയാളികളുടെ സമസ്ത ജീവിതമണ്ഡലങ്ങളിലും മലയാള ഭാഷയ്ക്ക് മുഖ്യമായ ഇടം ലഭിക്കണം. ഈ ചിന്ത മുന്‍നിര്‍ത്തിയാണ് ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ രൂപംകൊണ്ട ആദ്യ സര്‍ക്കാര്‍ മാതൃഭാഷ ഭരണഭാഷയാക്കുന്നതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചത്.

നിയമം അടിച്ചേല്‍പ്പിച്ചു കൊണ്ടല്ല ഭരണഭാഷ മലയാളം ആക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ കുട്ടികളുടെ മാതൃഭാഷ പഠനം ഉറപ്പാക്കാന്‍ മുന്‍പ് എന്തുകൊണ്ടോ കഴിഞ്ഞിരുന്നില്ല.അതിന് ഒരു അറുതി വരുത്താനാണ് മാതൃഭാഷാ ബില്ല് പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്ഷരശ്ലോകം, കാവ്യകേളി, കാവ്യാലാപനം എന്നിവ കുട്ടികളെയും താല്പര്യമുള്ള മുതിര്‍ന്നവരെയും തലമുറഭേദമില്ലാതെ പരിശീലിപ്പിച്ചുപോരുന്ന സരസമ്മ ടീച്ചറെയും, ഭാഷാപണ്ഡിതനും നിരൂപകനും എഴുത്തുകാരനുമായ ഡോ. എം എം ബഷീറിനെയും ആദരിച്ചു.
