തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അജിതീവിതയെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ലൈംഗിക ചുവയോടെ അധിക്ഷേപിച്ചു എന്ന വകുപ്പ് കൂടി രാഹുല്‍ ഈശ്വറിനെതിരെ ചുമത്തി. എആര്‍ ക്യാമ്പിലെ ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

അതിജീവിതക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി പ്രതികരണം നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത്. ഇതില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന വ്യക്തി രാഹുല്‍ ഈശ്വറാണ്. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുത്തത്.
എആർ ക്യാമ്പില്‍ വച്ച് രാത്രി ഒമ്പത് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റിലേക്ക് കടന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത് എന്നാണ് പോലീസ് രാഹുലിന്റെ ഭാര്യ ദീപയോട് പറഞ്ഞിരുന്നത്. വൈകാതെ രാഹുല്‍ ഈശ്വര്‍ പുറത്തുവരുമെന്ന് കരുതി ദീപ പുറത്ത് കാത്തുനിന്നിരുന്നു. എന്നാല്‍ പിന്നീടാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസെടുത്തതും അറസറ്റ് രേഖപ്പെടുത്തിയതും.
രാഹുലിന്റെ മൊബൈല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലാപ്ടോപ്പ് കൂടി പരിശോധിച്ചേക്കും.

ജനറല്‍ ആശുപത്രിയില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച വേളയില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. വ്യാജ പരാതിയാണ് നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഐഡന്റിറ്റി താന്‍ വെളിപ്പെടുത്തിയിട്ടില്ല. മെന്‍സ് കമ്മീഷന് വേണം എന്ന് പറയാന്‍ കാരണം ഇതാണ്. ഒരു പരാതിയുടെ മാത്രം അകലത്തിലാണ് നമ്മുടെ ആണ്മക്കളും ജയിലും എന്ന് രാഹുല്‍ പറഞ്ഞു.

