ഗുരുവായൂര്‍: വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.

രാവിലെ ആറരയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ വി.ഐ.പികള്‍ക്ക് ഉള്‍പ്പെടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന് ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കും.
സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. ഓരോ 5 പൂജകള്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ദര്‍ശനം. കാലത്തെ ശീവേലിക്ക് ഒപ്പം പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പന് ഇന്ദ്രസെന്‍ സ്വര്‍ണക്കോലം വഹിക്കും. പഞ്ചവാദ്യം അകമ്പടിയാകും.കുറൂരമ്മ ഹാളില്‍ ഏകാദശി സുവര്‍ണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1ന്.15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് ചെമ്പൈയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ പാടുന്നതോടെ സമാപനമാകും.

തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷം ക്ഷേത്രം കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ അന്നലക്ഷ്മി ഹാളില്‍ നടക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും. 8.30ന് കേശവ പ്രതിമയ്ക്കു മുന്നില്‍ ഗജവന്ദനം.ചെമ്പൈ സംഗീതോത്സവ വേദിയില്‍ രാവിലെ 9ന് പഞ്ചരത്ന കീര്‍ത്തനാലാപനം.

