തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ഇടപെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അന്വേഷണ സംഘത്തിനു മേല്‍ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അവസാനമായി സിപിഎം ബന്ധമുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ എസ്ഐടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഎം ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, എസ്ഐടിയില്‍ കടന്നുകയറി അന്വേഷണ വിവരങ്ങള്‍ സിപിഎമ്മിന് ചോര്‍ത്തിക്കൊടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്ന് വി ഡി സതീശന് ആരോപിച്ചു.

ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. ശബരിമലയില്‍ കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ആ അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് വിശ്വാസമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മനപ്പൂര്‍വമായി സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
എസ്ഐടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണന് പോറ്റി ആര്‍ക്കൊപ്പമൊക്കെ നിന്ന് ചിത്രം എടുത്തു എന്നല്ലല്ലോ?. ശബരിമലയിലെ സ്വര്‍ണം കവര്‍ച്ച ചെയ്തത് ആരാണ്?. എവിടെ കൊണ്ടുപോയി വിറ്റു, ഏതു കോടീശ്വരനാണ് ദ്വാരപാലക ശില്പം കൊടുത്തത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

പല ക്രിമിനലുകളും, പല കുഴപ്പക്കാരും പലരുടെയും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. ഫോട്ടോയില്‍ ഉള്ളവരെയെല്ലാം പ്രതികളാക്കാനാകുമോ?. ഏതു കേസിലായാലും പ്രതികളുടെ ഒപ്പം ഫോട്ടോ എടുത്തവരെല്ലാം പ്രതികളാകുമോയെന്ന് വി ഡി സതീശന് ചോദിച്ചു. മൂന്ന് സിപിഎം നേതാക്കള്‍ ജയിലിലാണ്. അതിനേക്കാള്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ജയിലിലേക്കുള്ള ക്യൂവിലാണ്. അതില്‍ ബാക്കിയുള്ളവരെക്കൂടി ബന്ധപ്പെടുത്താന്‍ വേണ്ടിയുള്ള വൃഥാശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ എന്തു കൊണ്ട് പാര്‍ട്ടി നടപടി സ്വീകരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്.

