കണ്ണൂർ: വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും പണവും സ്വർണവും മോഷണം പോയ സംഭവത്തിൽ അയൽവാസി പിടിയിൽ. അഷ്റഫിന്റെ വീടിനടുത്ത് താമസിക്കുന്ന കൊച്ചുകൊമ്പൽ വിജേഷ് (30) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും നഷ്ടമായ പണവും സ്വർണവും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം 20ന് അഷ്റഫും കുടുംബവും വീട്പൂട്ടി മധുരയിൽ ഒരു വിവാഹത്തിന് പോയിരുന്നു. ഈ സമയം വീടുമായി നല്ല പരിചയമുള്ള വിജേഷ് ജനൽ തകർത്ത് അകത്തുകയറി മോഷണം നടത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. മോഷണമുതൽ ഇയാളുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ 20നും 21നും വീട്ടിനുള്ളിൽ കടന്നതായി വ്യക്തമായി. എന്നാൽ മുഖം വ്യക്തമായിരുന്നില്ല. ഇയാൾ ഒറ്റക്കാണോ മോഷണം പ്ളാൻ ചെയ്തതെന്നും മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നത് ഇനി അറിയേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വെൽഡിംഗ് തൊഴിലാളിയാണ് വിജേഷ്. സംഭവസ്ഥലത്ത് നിന്നും പൊലീസിന് കിട്ടിയ വിരലടയാളങ്ങൾ സ്ഥിരം കുറ്റവാളികളുമായി യോജിച്ചിരുന്നില്ല. സ്ഥലത്ത് മണംപിടിച്ചെത്തിയ പൊലീസ് നായ ഇയാളുടെ വീടിനടുത്തുകൂടിയും വന്നിരുന്നു. അഷ്റഫിന്റെ വീട്ടിലെ പണം വച്ചിരുന്ന സെയ്ഫിനെക്കുറിച്ച് അറിവുള്ളയാളാണ് മോഷ്ടാവ് എന്ന് മനസിലാക്കിയത് മുതൽ വിജേഷ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഞായറാഴ്ച രാവിലെ ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു, ഇത് മടക്കിവാങ്ങാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചു. നവംബർ 24ന് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അഷ്റഫിന് മോഷണം നടന്ന വിവരം അറിയാനായത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിലെ 20ഓളം ഉദ്യോഗസ്ഥരാണ് കേസന്വേഷിച്ചത്.