കണ്ണൂർ: കോൺഗ്രസിൽ ചേർന്ന മുൻ ബി ജെ പി നേതാവ് സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂർ അഴീക്കോട് നടന്ന യുവമോർച്ച പ്രകടനത്തിനിടെയാണ് സന്ദീപിനെതിരെ കൊലവിളി മുദ്രാവാക്യമുയർത്തിയത്.
യുവമോർച്ച പ്രവർത്തകർ സന്ദീപ് വാര്യരെ, ‘മുപ്പത് വെള്ളി കാശ് വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത മൂരാച്ചി’ എന്ന് വിളിച്ചു. കൂടാതെ പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചെന്നും പറയുന്നു. ‘ഒറ്റുകാരാ സന്ദീപേ പട്ടാപ്പകലിൽ പാലക്കാട്ട് നിന്നെ ഞങ്ങൾ എടുത്തോളാം’ എന്നാണ് ഭീഷണി മുഴക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് സന്ദീപ് വാര്യർ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസിൽ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹമിപ്പോൾ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ബി ജെ പി വിട്ട് കോൺഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നൽകിയിരുന്നു. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാൻ , കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’. എന്നായിരുന്നു സന്ദീപ് വാര്യർ കുറിച്ചത്. ഇത് ബി ജെ പിക്കാരിൽ അനിഷ്ടമുണ്ടാക്കിയിരുന്നു.