കാസർകോട്: വലിയ ഗവേഷണ – നിരീക്ഷണങ്ങളിലൂടെ കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സി.പി.സി.ആർ.ഐ) വികസിപ്പിച്ചെടുത്ത കുള്ളൻ കമുകിന് വ്യാജൻ ഇറങ്ങുന്നു. അടക്ക പറിച്ചെടുക്കുന്നതിന് കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കർണാടക വിട്ടലിലെ പ്രാദേശിക ഗവേഷണകേന്ദ്രത്തിൽ തയ്യാറാക്കി പുറത്തിറക്കിയ കുള്ളൻ കമുകിന്റെ പേരിലാണ് സ്വകാര്യ നഴ്സറികളുടെ വ്യാജൻ ഇറങ്ങുന്നത്. ചതിക്കപ്പട്ടതായി അറിയാൻ വർഷങ്ങളെടുക്കുമെന്നതിനാൽ വ്യാജനെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ആദ്യഘട്ടത്തിൽ ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുണ്ടായതിനാൽ കർഷകർ താല്പര്യം കാട്ടിയിരുന്നില്ല. എളുപ്പത്തിൽ നല്ല വിളവ് കിട്ടുമെന്നും പറിച്ചെടുക്കുന്നതിന് തൊഴിലാളികളെ ആവശ്യമില്ലെന്നും തിരിച്ചറിഞ്ഞതോടെ തൈകൾക്ക് പിടിവലിയായി. തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ഒരു വർഷം പരിമിതമായ തൈകൾ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ സ്വകാര്യ നഴ്സറികൾ കുള്ളൻ കമുകിന്റെ പേരിലും മാതൃകയിലും വ്യാജനെ ഇറക്കുകയായിരുന്നു. കുള്ളന്റെ പേരിൽ നാടൻ കമുകിൻ തൈകളോ, മംഗള ഇനമോ ആയിരിക്കും ഇവർ നൽകുക. ഒറിജനൽ കുള്ളൻ ഇനം ലഭിക്കാൻ വലിയ പ്രയാസമാണ്. മുൻകൂട്ടി അപേക്ഷിച്ച് വിട്ടലിലെ പ്രാദേശിക ഗവേഷണകേന്ദ്രത്തിലെത്തുന്നവർക്ക് തന്നെ പരമാവധി അഞ്ച് തൈകൾ മാത്രമാണ് ലഭിക്കുന്നത്.
വളർച്ച വർഷത്തിൽ ഒരടി മാത്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കർണാടക കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രാദേശികഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച വി.ടി.എൻ.എച്ച് 1 എന്ന ഇനമാണ് യഥാർത്ഥ കുള്ളൻ കമുക്. ഇത് പരമാവധി ഒരാളുടെ ഉയരത്തിൽ മാത്രമേ വളരുകയുള്ളൂ. വർഷത്തിൽ ഒരടിമാത്രം. മറ്റിനങ്ങൾ രണ്ടുവർഷം കൊണ്ട് അഞ്ചുമീറ്റർ വരെ ഉയരം വയ്ക്കും. ഒരു കുലയിൽ ഇരുന്നൂറ് തൊട്ട് 500 വരെ അടക്കകളും കുള്ളൻ ഇനത്തിൽ നിന്ന് ലഭിക്കും. നാടൻ ഇനമായ ഹിരോഹള്ളി കുറുകിയ ഇനത്തെ മാതൃവൃക്ഷമാക്കിയ അത്യുത്പാദനശേഷിയുള്ള ഇനമായ മോഹിത് നഗർ, സുമംഗള എന്നിവയുമായി ചേർത്താണ് കുള്ളനെ വികസിപ്പിച്ചെടുത്തത്. കമുകൊന്നിന് 20 മുതൽ 50 രൂപ വരെയുള്ള കൂലി ഇതിലൂടെ ഒഴിവായത് കർഷകർക്ക് ആശ്വാസമായിരുന്നു. 30 മുതൽ 50 രൂപ വരെയാണ് അത്യുത്പാദന ശേഷിയുള്ള കമുകിൻ തൈകളുടെ വില. അതേസമയം വ്യാജ കുള്ളൻ തൈകൾക്ക് 125 മുതൽ 250 രൂപ വരെയാണ് ഏജൻസികൾ വാങ്ങുന്നത്. വർഷങ്ങൾ കഴിയുമ്പോഴാണ് ചതിക്കപ്പെട്ടതായി കർഷകർ മനസിലാക്കുന്നത്.
കുറച്ചു മാത്രം കുള്ളൻ കമുക് കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും വിത്തടക്ക ശേഖരിച്ചാലും യഥാർത്ഥ ഗുണം ലഭിക്കില്ല. ചെറിയ തോട്ടം ആകുമ്പോൾ ഇതിന്റെ അടുത്തുള്ള മറ്റു കമുകുകളിൽ നിന്നും പരാഗണം നടക്കുന്നത് മൂലം കുള്ളൻ ഇനം ആകാനുള്ള സാദ്ധ്യത കുറയും. വ്യാജനെ വാങ്ങി കർഷകർ വഞ്ചിതരാകരുത്.
(തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ)