
പാമ്പാടി: സി.പി.എം. ജില്ലാസമ്മേളനത്തിന് പാമ്പാടിയിൽ കൊടിയുയർന്നു. സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ പതാക ഉയർത്തി.

ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് എത്തിയ പതാക, കൊടിമര, ബാനർ ജാഥകൾ വ്യാഴാഴ്ച വൈകീട്ട് പാമ്പാടിയിൽ സംഗമിച്ചതിനുശേഷമാണ് പതാക ഉയർത്തിയത്. പതാകയും കൊടിമരവും ബാനറും സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മന്ത്രി വി.എൻ. വാസവൻ, ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, കെ.ജെ. തോമസ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, സി.ജെ. ജോസഫ്, അഡ്വ. റജി സഖറിയ, ടി.ആർ.രഘുനാഥൻ, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുത്തു.
ബസ് സ്റ്റാൻഡ് മൈതാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന സി.പി.എം. പ്രവർത്തകരെ ആദരിച്ചു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.വി. റസൽ അധ്യക്ഷതവഹിച്ചു.
വടയാർ തങ്കപ്പൻ സ്മൃതിമണ്ഡപത്തിൽനിന്ന് കെ.ശെൽവരാജ് ക്യാപ്റ്റനായ പതാകജാഥ അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനംചെയ്തു. കെ.പി. രമണൻ സ്മൃതിമണ്ഡപത്തിൽനിന്ന് കെ.സി. ജോസഫ് ക്യാപ്റ്റനായ പതാകജാഥ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ടയിൽ കെ.എം.അലിയാർ സ്മൃതിമണ്ഡപത്തിൽനിന്ന് ജോയി ജോർജ് ക്യാപ്റ്റനായ കൊടിമരജാഥ ലാലിച്ചൻ ജോർജ് ഉദ്ഘാടനംചെയ്തു. അലിയാരുടെ മകൻ ഹബീബ് അലിയാരിൽനിന്ന് ഏറ്റുവാങ്ങി.
മുണ്ടക്കയത്ത് വി.കെ. രാജപ്പൻ സ്മൃതിമണ്ഡപത്തിൽനിന്ന് കെ. രാജേഷ് ക്യാപ്റ്റനായ കൊടിമരജാഥ ടി.ആർ. രഘുനാഥൻ ഉദ്ഘാടനംചെയ്തു.
മീനടം അവറാമി സ്മൃതിമണ്ഡപത്തിൽനിന്ന് സുഭാഷ് പി.വർഗീസ് ക്യാപ്റ്റനായ ബാനർജാഥ അഡ്വ. റെജി സഖറിയ ഉദ്ഘാടനംചെയ്തു. പള്ളിക്കത്തോട് ഇളംപള്ളി വിശ്വംഭരൻ സ്മൃതിമണ്ഡപത്തിൽനിന്ന് ഗിരീഷ് എസ്.നായർ ക്യാപ്റ്റനായ ബാനർജാഥ കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.