തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കേസില്‍ ഹൈക്കോടതിയുടെ ഏറ്റവും പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. എസ്ഐടി അന്വേഷണത്തിന് പരിമിതികളുണ്ടെന്ന് എംടി രമേശ് പറഞ്ഞു. ഇടത് വലത് മുന്നണികളുടെ സ്വര്‍ണ്ണക്കൊള്ളയ്ക്കെതിരെ മകരസംക്രമദിനത്തില്‍ എല്ലാ വീടുകളിലും എല്ലാ ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുമെന്നും എംടി രമേശ് പറഞ്ഞു.

സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെന്ന് എംടി രമേശ് പറഞ്ഞു. നേരത്തെ ആ സ്വര്‍ണ്ണക്കൊള്ളയ്ക്ക് നേതൃത്വം കൊടുത്തത് സിപിഎം സഹയാത്രികരായിരുന്നുവെങ്കില്‍, അതില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തം കൂടി ഇപ്പോള്‍ മറനീക്കി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസിനും ഇതില്‍ പങ്കാളിത്തമുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ശബരിമലയിലെ ക്ഷേത്ര പവിത്രത തകര്‍ക്കുന്ന കാര്യത്തില്‍, ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പരസ്പര സഹകരണമുണ്ട്. ഈ രണ്ടു കൂട്ടരും ഇരുട്ടില്‍ കള്ളന്മാരെ തപ്പുകയാണെന്നും എംടി രമേശ് പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖന്മാരായ ആളുകളുടെ പങ്കാളിത്തമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവരാന്‍ നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിന് പരിമിതികളുണ്ട്. ഹൈക്കോടതിയുടെ പുതിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള സിബിഐ അന്വേഷിക്കണം. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണമോഷണ, വിഗ്രഹ കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ഇതില്‍ പങ്കാളിത്തമുണ്ട്. ഒരു കാരണവശാലും സിബിഐ അന്വേഷണം വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

അദ്ദേഹത്തിനും പാര്‍ട്ടിക്കും സര്‍ക്കാരിനും ഈ കാര്യത്തില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. ഈ ആവശ്യംഉന്നയിച്ചുകൊണ്ട് തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കാന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജനുവരി മാസം 14-ാം തീയതി, മകരസംക്രമ ദിനത്തില്‍ കേരളത്തിലെ എല്ലാ വീടുകളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും ‘ശബരിമല സംരക്ഷണ ദീപം’ തെളിയിക്കുമെന്നും എംടി രമേശ് പറഞ്ഞു.

