കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ മുണ്ടക്കയം ടൗണിലാണ് സംഭവം. കുമളിയിൽ നിന്ന് വന്ന ബസാണിത്. വിനോദയാത്രയ്ക്ക് പോയ 45 അംഗ സംഘമായിരുന്നു ബസിനകത്ത് ഉണ്ടായിരുന്നത്.

അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം സ്വദേശികളുടെ മോക്ഷ എന്ന ടൂറിസ്റ്റ് ബസാണ് കത്തിനശിച്ചത്. മധുരയിൽ നിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്നു.
ബസിനടിയിൽ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ ഇറങ്ങുകയായിരുന്നു. അല്പസമയത്തിന് ശേഷം ബസ് പൂർണമായും കത്തി നശിക്കുകയായിരുന്നു.

വാഹനത്തിൽ ചില തകരാറുകൾ നേരത്തെ മുതൽ ഉണ്ടായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. ചില സ്ഥലങ്ങളിൽ വെച്ച് ബസ് നിർത്തേണ്ട സാഹചര്യം ഉണ്ടായെന്നും ബസിലുണ്ടായിരുന്ന സംഘം വ്യക്തമാക്കുന്നു. അപകടത്തിൽ ആർക്കും പരുക്കുകൾ ഇല്ല.

