തൊടുപുഴ: ഇടുക്കി ജില്ലയില്‍ വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു. വൈറല്‍ പനിയാണ് കൂടുതല്‍ പേര്‍ക്കും പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇടുക്കിയില്‍ ഈ വര്‍ഷം വൈറല്‍ പനി ബാധിച്ച് 5983 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ പനി ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കും.
തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോള്‍ പനി ബാധിതരുടെ എണ്ണം കൂടാന്‍ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികള്‍ക്കാണ് ജില്ലയില്‍ ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴു പേര് പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍,വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്. ഇടുക്കിയില്‍ പലയിടത്തും കുട്ടികളില്‍ മുണ്ടി നീര് രോഗവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴു പേരാണ് കുഷ്ഠരോഗത്തിന് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് പേര് മലയാളികളും ബാക്കിയുള്ളവര്‍ അതിഥി തൊഴിലാളികളുമാണ്. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

