മലപ്പുറം: നിളാ തീരത്തെ കേരള കുംഭമേളയ്ക്ക് ഇന്ന് സമാപനം. തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ജനുവരി 16 ന് പിതൃബലിയോടെ ആരംഭിച്ച മഹാമാഘ മഹോത്സവം അമൃത സ്നാനമുൾപ്പെടെയുള്ള ചടങ്ങുകളോടെ ഇന്ന് സമാപിക്കും. ‘കേരള കുംഭമേള’ എന്ന പേരിൽ ശ്രദ്ധ നേടിയ മഹാമാഘ മഹോത്സവം വൈകുന്നേരം നിളാ ആരതിയോടെ സമാപിക്കും. സമാപന ദിവസമായ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ തിരുനാവായയിലേക്ക് ഒഴുകിയെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 3 ലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചിരുന്നു.

ജനുവരി 16-ന് ആരംഭിച്ച ഈ കുംഭമേളയിൽ ആകെ 10 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 50,000 മുതൽ 3.5 ലക്ഷം വരെ ആളുകൾ വിവിധ ചടങ്ങുകൾക്കായി എത്തിയിരുന്നു. 19 ദിനരാത്രങ്ങളായി നടന്നുവന്ന ആത്മീയോത്സവത്തിന് നിരവധി ഭക്തജനങ്ങളാണ് നിളാ തീരത്ത് എത്തിയത്. മലയാള മാസമായ മകരത്തിലെ മകം നക്ഷത്ര ദിനമായ ഇന്നത്തെ പ്രധാന ആചാരമായ മാഘ അമൃത സ്നാൻ രാവിലെ 8 മണിക്ക് ആരതി ഘട്ടിൽ നടന്നു. നാഗ സന്യാസിമാരും ആയിരക്കണക്കിന് ഭക്തരും പുണ്യസ്നാനത്തിൽ പങ്കെടുത്തു.
അമൃത സ്നാനത്തിന് ശേഷം, ആത്മീയ ഗുരുക്കന്മാരുടെ ആരാധനയായ യതി പൂജ നടക്കുകയും തുടർന്ന് ഭണ്ഡാര എന്നറിയപ്പെടുന്ന ആചാരം നടക്കുകയും ചെയ്യും. ഈ സമയത്ത് സന്യാസിമാർക്ക് ഭക്ഷണം, വസ്ത്രം, വഴിപാടുകൾ എന്നിവ നൽകിയതിന് ശേഷമാണ് സമാപന ചടങ്ങ് നടക്കുക.

ഉച്ചക്ക് അന്നദാനം ഉണ്ട്. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച ‘പങ്കാട്ട്’ ആണ്. അവിടെ രാജകുടുംബാംഗങ്ങളും സാധാരണക്കാരും നിലത്ത് ഒരു നിരയിൽ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കും. എല്ലാ സാമൂഹിക വ്യത്യാസങ്ങളും ഇല്ലാതാക്കുന്ന ഈ ആചാരം സനാതന ധർമ്മത്തിൻ്റെ സമത്വ മനോഭാവത്തെയും മാനവിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു. അടുത്ത വർഷവും മേള നടത്തും.

