ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇൻഷുറൻസ് പദ്ധതി. ഈ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി. ഇൻഷുറൻസിനായുളള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും . ഒപ്പം തന്നെ ജനകീയമായ ഈ പദ്ധതിയ്ക്ക് പൊതു ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു. അതേ സമയം യുഡിഎഫിന്റെ ഡിജിറ്റൽ ക്യാമ്പെയൻ വെറും നാടകം മാത്രമാണെന്നും യുഡിഎഫിനെ ജനം തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കിടയിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കുട്ടികൾ സ്ക്രീൻ അടിമകളാകുന്നത് അവരുടെ ഭാവിയെ തന്നെ ബാധിക്കും. എന്നാൽ ഈ വിഷയത്തിൽ ഇന്റർനെറ്റ് ഉപയോഗം നിരോധിക്കുകയല്ല മറിച്ച് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് വഴി.
ഈ വിഷയത്തിൽ വിവേകപരമായ നടപടിയാണ് വേണ്ടത്, സോഷ്യൽ മീഡിയ നിയന്ത്രണം ആവശ്യമാണോ എന്ന രീതിയിലുള്ള പൊതു ചർച്ച സർക്കാർ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം നിർദേശിച്ചു.

പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ഫാൻ എസി എന്നീ സൗകര്യങ്ങൾ ഉണ്ടായിരിക്കും. കലോത്സവ കായികോത്സവത്തിന് മറ്റു സ്കൂളുകളിലെ അധ്യാപകർ വിധികർത്താക്കൾ ആയി വരും. ജില്ലാതലത്തിൽ മറ്റു ജില്ലയിൽ നിന്നുള്ള ജഡ്ജസ് ആകും വരുന്നത്. സർക്കാരിനെതിരെ വ്യാജ കുറ്റപത്രം ഇറക്കുന്നതിനു പകരം സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ പങ്കാളി ആവുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ഹൃദയത്തിൽ ആണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം, അവിടെ നിന്ന് മുഖ്യമന്ത്രിയെ പുറത്താക്കാമെന്ന് ആരും കരുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

