കൊച്ചി: കുടുംബസുഹൃത്ത് തടവിലാക്കിയ ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന് ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാര്യയായ ഗ്വാളിയര്‍ സ്വദേശിനി ശ്രദ്ധ ലെനിനെ(44) മണ്ണുത്തി സ്വദേശി ജോസഫ് സ്റ്റീവന്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ പറയുന്നു.

വിഷയം ഗൗരവേമറിയതാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ബെഞ്ച് വിലയിരുത്തി. അടിയന്തരമായി യുവതിയെ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
തന്റെ ഭാര്യ ഇടക്കിടെ കേരളത്തില്‍ വരാറുണ്ട്. അപ്പോള്‍ കുടുംബസുഹൃത്തായ ജോസഫിനോടൊപ്പമാണ് താമസിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്. മേയ് 17ന് വാട്സ്ആപ് ചാറ്റും അവസാനിച്ചു. പിന്നീട് ജൂണ്‍ ആദ്യം അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ജി എം റാവു, കന്യാസ്ത്രീയെന്ന് പറയുന്ന സോഫിയ എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ട് ഭാര്യ മരിച്ചെന്ന് അറിയിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഏതോ സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു. ശ്രദ്ധയുടെ പേരിലുള്ള രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു. എന്നാല്‍ ഭാര്യ അന്യായ തടങ്കലിലാണെന്നാണ് താന്‍ സംശയിക്കുന്നത്. ജോസഫും കൂട്ടരും തന്റെ പക്കല്‍നിന്ന് പല കാരണങ്ങള്‍ മുമ്പ് പണം കൈപറ്റിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കൊച്ചി കമ്മീണര്‍ക്കും സെന്‍ട്രല്‍ പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്ന കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതിനെ കുറിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
