കോഴിക്കോട്: കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് മലബാറിലെ തീയ്യ വിഭാഗത്തിന് പ്രത്യേകത ഐഡന്റിറ്റി വേണമെന്ന ആവശ്യം ഉയരുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ തീയ്യർ വിഭാഗത്തെ ഈഴവ സമുദായത്തില്‍ നിന്ന് വേര്‍തിരിക്കണമെന്നാണ് തീയ്യ മഹാസഭ, തീയ്യ ക്ഷേമ സഭ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുള്ള ശ്രമങ്ങളും സജീവമാണ്.

ആയുര്‍വേദം, ആയോധനകല, തെയ്യം അനുഷ്ഠാനങ്ങള്‍, സാഹിത്യം, പ്രാദേശിക ഭരണം എന്നിവയില്‍ സമ്പന്നമായ പൈതൃകമുള്ളവരാണ് മലബാറിലെ തീയ്യ വിഭാഗങ്ങള്‍. എന്നാല്‍ ഈഴവ വിഭാഗത്തിലെ ഉപജാതിയായാണ് തരംതിരിച്ചിരിക്കുന്നത്. തീയ്യ വിഭാഗത്തെ കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സമാനമായി തീയ്യരെ അംഗീകരിക്കണം എന്നാണ് തിയ്യ മഹാസഭയുടെ നിലപാട്.
ഈഴവര്‍, ബില്ലവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ തീയ്യ സമുദായത്തെ പരിഗണിക്കുന്നത്. ഇത് തീയ്യ വിഭാഗത്തിന്റെ പ്രാതിനിധ്യത്തിന് തിരിച്ചടിയാണ്. ഏകദേശം 25,000 സര്‍ക്കാര്‍ ജോലികള്‍ ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലികളിലും തീയ്യര്‍ക്ക് ആനുപാതിക സംവരണം നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും തീയ്യ മഹാസഭ പ്രസിഡന്റ് ഗണേഷ് ബി അരമങ്ങാനം പറയുന്നു.

ഏകദേശ കണക്കനുസരിച്ച് ഏകദേശം 55 ലക്ഷം പേര് സംസ്ഥാനത്ത് തിയ്യ വിഭാഗത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൃത്യമായ എണ്ണം ആര്‍ക്കും അറിയില്ല. സര്‍ക്കാര്‍ അപേക്ഷകളില്‍ ഉള്‍പ്പെടെ തിയ്യ എന്ന ജാതി രേഖപ്പെടുത്താന്‍ അവസരമില്ല. ഒരുതരം ജാതി പരിവര്‍ത്തനത്തിന് തുല്യമായ അവസ്ഥയിലാണ് സമുദായം ഉള്ളതെന്ന് തീയ്യ ക്ഷേമ സഭ ജനറല്‍ സെക്രട്ടറി വിനോദന്‍ ചൂണ്ടിക്കാട്ടുന്നു. വേദ പാരമ്പര്യങ്ങള്‍ പിന്തുടരാത്ത ആചാരങ്ങളാണ് തീയ്യ വിഭാഗത്തിന്റേത്. സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ‘കഴകം’ എന്നറിയപ്പെടുന്ന ഒരു പ്രത്യേക സംവിധാനവുമുണ്ട്. എന്നാല്‍ സമുദായത്തിന്റെ മിക്ക ആരാധനാലയങ്ങളിലും വേദാചാരങ്ങള്‍ കടന്നുകയറിക്കഴിഞ്ഞെന്നും വിനോദന്‍ പറയുന്നു.

പ്രത്യേക ജാതി പരിഗണണ എന്ന ആവശ്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിനോദന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്, കാസര്‍കോട് ബിജെപി നേതാവ് എം എല്‍ അശ്വിനി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും തീയ്യ ക്ഷേമ സഭ വ്യക്തമാക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി തീയ്യ മഹാസഭയും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ഈഴവരും തിയ്യരും രണ്ട് വ്യത്യസ്ത സമുദായങ്ങളാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെയും നിലപാട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഫോക്ലോര് വിഭാഗം മുന്‍ മേധാവി ഡോ. രാഘവന് പയ്യനാടും ഇക്കാര്യം അടിവരയിടുന്നു. പല ഗവേഷണങ്ങളും ഇക്കാര്യം അടിവരയിട്ടിട്ടുണ്ട്. ‘ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും’ എന്ന പേരില്‍ എഡ്ഗര്‍ തര്‍സ്റ്റണ്‍ നടത്തിയ പഠനത്തിലും വില്യം ലോഗന്റെ ‘മലബാര്‍ മാനുവലില്‍’ ഇത് സംബന്ധിച്ച സൂചനകളുണ്ട്. രണ്ട് സമുദായങ്ങള്‍ക്കിടയിലും നരവംശശാസ്ത്രപരവും സാംസ്കാരികവുമായവ്യത്യാസങ്ങളുണ്ടെന്നും ഡോ. രാഘവന് പയ്യനാട് പറയുന്നു. മലബാറിലെ തിയ്യര്‍ക്ക് എട്ട് ഇല്ലങ്ങളുണ്ട്, വയനാട് കുലവനും മുത്തപ്പനുമാണ് അവരുടെ പ്രധാന ദൈവങ്ങള്‍. ഈ വിഷയത്തില്‍ കിര്‍ടാഡ്സിന്റെ ഗവേഷണം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
