
സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളില്‍നിന്ന് 2024-ല്‍ 70 ശതമാനം മാർക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ്ടു തലത്തില്‍ സി.ബി.എസ്.ഇ.സ്കൂളില്‍ തുടർന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അത് പെണ്‍കുട്ടിയായിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ ‘ഒറ്റപ്പെണ്‍കുട്ടി’യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും ‘ഒറ്റപ്പെണ്‍കുട്ടി’യായി പരിഗണിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണനല്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.യോഗ്യത: ഇന്ത്യക്കാരായിരിക്കണം. 2024-ലെ സി.ബി.എസ്.ഇ. ക്ലാസ് 10 പരീക്ഷയില്‍ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം. ക്ലാസ് 11-ലെ പഠനം സി.ബി.എസ്.ഇ. അഫിലിയേഷനുള്ള സ്കൂളിലാകണം. പഠിക്കുന്ന സ്കൂളിലെ പത്താംക്ലാസ് പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലെ പ്രതിമാസട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. രക്ഷിതാക്കളുടെ/കുടുംബത്തിന്റെ പ്രതിവർഷ വരുമാനം എട്ടുലക്ഷം രൂപ കവിയരുത്.
ഇതുസംബന്ധിച്ച രക്ഷിതാവിന്റെ നോണ്‍-ജുഡീഷ്യല്‍ നോട്ടറൈസ്ഡ് സ്റ്റാമ്ബ് പേപ്പറില്‍ നല്കുന്ന സെല്‍ഫ്-ഡിക്ളറേഷൻ അപേക്ഷയ്ക്കൊപ്പം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.എൻ.ആർ.ഐ. വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ കവിയരുത്.പത്താംക്ലാസില്‍ 70 ശതമാനം മാർക്കുവാങ്ങിയ മറ്റു വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെണ്‍കുട്ടികള്‍ക്കും സ്കോളർഷിപ്പ് അനുവദിക്കും. പ്രതിമാസം 1000 രൂപ നിരക്കില്‍, രണ്ടുവർഷത്തേക്കാണ് ഇ.സി.എസ്./എൻ.ഇ.എഫ്.ടി. വഴി സ്കോളർഷിപ്പ് അനുവദിക്കുക. സ്കൂള്‍/മറ്റ് ഓർഗനൈസേഷനുകള്‍ നല്കുന്ന മറ്റുസൗജന്യങ്ങള്‍ ഈ സ്കോളർഷിപ്പിനൊപ്പം സ്വീകരിക്കാം.
11-ാം ക്ലാസില്‍ കുറഞ്ഞത് 70 ശതമാനം മാർക്കുനേടി പാസായി ക്ലാസ് 12-ലേക്ക് പ്രൊമോഷൻ ലഭിക്കുന്നവർക്ക് രണ്ടാം വർഷത്തിലും സ്കോളർഷിപ്പ് ലഭിക്കും. നല്ല സ്വഭാവം, ഹാജർ ആവശ്യകത എന്നിവയ്ക്കു വിധേയമാണിത്. തിരഞ്ഞെടുത്ത കോഴ്സ് പൂർത്തിയാകുമുൻപ് ഉപേക്ഷിക്കുക, കോഴ്സ്/സ്കൂള്‍ മാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്കോളർഷിപ്പ് തുടരല്‍/പുതുക്കല്‍, സി.ബി.എസ്.ഇ. തീരുമാനത്തിനു വിധേയമായിരിക്കും. ഒരിക്കല്‍ റദ്ദാക്കപ്പെടുന്ന സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നതല്ല.
വിശദമായ മാർഗനിർദേശങ്ങള്‍, ഓണ്‍ലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് എന്നിവ, https://www.cbse.gov.in-ല്‍ ലഭിക്കും (മെയിൻ വെബ് സൈറ്റ് > സ്കോളർഷിപ്പ് ലിങ്കുകള്‍) അപേക്ഷ ജനുവരി 10-നകം നല്‍കണം. 2023-ല്‍ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാൻ ഓണ്‍ലൈനായി അപേക്ഷ നല്‍കാനും ഇതേ സൈറ്റില്‍ 10 വരെ അവസരമുണ്ട്.
