കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാന്‍ കരുക്കള്‍ നീക്കുമ്പോള്‍ മധ്യ തിരുവിതാംകൂറില്‍ സീറ്റ് വിഭജനം യുഡിഎഫിന് വെല്ലുവിളിയാകും. നിലവിലെ സാഹചര്യത്തില്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിന് ഉള്ളിലെ വികാരം. ഇതിനായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ചില സീറ്റുകള്‍ ഏറ്റെടുക്കണം എന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. എന്നാല്‍, സീറ്റുകള്‍ വിട്ട് നല്‍കാതെ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനുമാണ് ജോസഫ് ഗ്രൂപ്പിന്റെ നീക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം 10 സീറ്റുകളില്‍ ആണ് മത്സരിച്ചത്. എന്നാല്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തിലാണ് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്ന വികാരം ശക്തമാകുന്നത്. ഇടുക്കി കോട്ടയം ജില്ലകളിലെ കോണ്‍ഗ്രസ് നേതൃത്വമാണ് ഈ ആവശ്യം പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.
ഇടുക്കി സീറ്റിൽ നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പാണ് മത്സരിക്കുന്നത്. സീറ്റ് ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ സാഹചര്യം മാറിയെന്നും അത്മവിശ്വാസം ഉണ്ടെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഈ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ മത്സരിച്ചുവരുന്ന ഒരു സീറ്റ് പോലും വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും വ്യക്തമാക്കുന്നു.

