തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ചതിന് ശേഷമാണ് സെഷൻസ് കോടതിയുടെ വിധി.

നേരത്തെ ഒന്നര മണിക്കൂറോളമാണ് കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്. യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതിക്ക് പിന്നിൽ സിപിഎം – ബിജെപി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുൽ വാദിച്ചത്.
തന്റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്റെ വാദം.

എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന് ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.

ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്കാന് യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം വാദിച്ചു. കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന് ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.
