കൊച്ചി: എത്ര കള്ളപ്രചാരണങ്ങൾ കൊണ്ടു മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണ് രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോര്‍ജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.

‘‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാർ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം’’ – റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരിൽ റിനി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു.
രാഹുലിനെ പുറത്താക്കിയതിൽ റിനി കോൺഗ്രസ് നേതൃത്വത്തിനു നന്ദി പറഞ്ഞു. ‘‘ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിൽ പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു. ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്നു, ഇതൊക്കെ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രചരണം. എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ കോടതി തന്നെ ആദ്യ സൂചന നൽകിയിരിക്കുകയാണ്’’ – റിനി പറഞ്ഞു.

ഏറെ വിഷമത്തോടെ താൻ പറഞ്ഞ കാര്യത്തിന്റെ പേരിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും റിനി വ്യക്തമാക്കി ‘‘അത്രയും വിഷമമുണ്ട്. എന്റെ സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ഒരു നിമിത്തമായി എന്നതിൽ ആനന്ദവും ചാരിതാർഥ്യമുണ്ട്’’ – റിനി പറഞ്ഞു.

