കൊല്ലം: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽകുമാർ പോറ്റി റിമാൻഡിൽ. പതിനാല് ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത്തിന് മുൻപിലാണ് പ്രതിയെ ഹാജരാക്കിയത്.റിമാൻഡ് ചെയ്ത പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.

വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 13 -ാം പ്രതിയാണ് സുനിൽകുമാർ പോറ്റി. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആകെ 33 പേരാണ് കേസിലുള്ളത്. കീഴ്ശാന്തിയായിരുന്ന ഇയാൾ ശബരിമലയിൽ ഡ്യൂട്ടി ഏറ്റെടുത്ത ശേഷം ആടിയ ശിഷ്ടം നെയ്യ് കൗണ്ടറിൻ്റെ ചുമതലയാണ് ഉണ്ടായിരുന്നത്.
എൺപതിനായിരത്തിലധികം പാക്കറ്റ് നെയ്യുകൾ വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നെയ്ക്കൊള്ളയിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ 34 ലക്ഷത്തോളം രൂപ നഷ്ട്ടമായെന്നാണ് കണക്കുകൾ.

സംഭവവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നെയ്യ് വിൽപ്പനയിലെ പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.പ്രത്യേക സംഘത്തെവെച്ച് സംഭവം അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നു.

