കൊച്ചി: ശ്രീനാരായണ ഗുരു – മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം ജാതി-സാമുദായിക സമവാക്യങ്ങളുടെ പുതിയ വേദിയാക്കാന്‍ കോണ്‍ഗ്രസ്. ശിവഗിരി മഠവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി ഈഴവ സമുദായവുമായുള്ള ബന്ധം ശക്തമാക്കാനുള്ള വേദിയാക്കിമാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ഫെബ്രുവരി 18 ന് കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

യുഡിഎഫില്‍ മുസ്ലീംലീഗിന്റെ സ്വാധീനത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ആക്ഷേപം സിപിഎമ്മും ബിജെപിയും നിരന്തരം ഉന്നയിക്കുന്ന സാഹചര്യത്തെ പ്രതിരോധിക്കാനുള്ള വേദിയായി പരിപാടിമാറുമെന്നാണ് വിലയിരുത്തല്‍. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്നോട്ട് വച്ച നായര്‍ – ഈഴവ ഐക്യനീക്കം പാളിയ സാഹചര്യത്തില്‍ ഇരു സമുദായങ്ങളെയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് ശക്തമാക്കുകയാണ്.
കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കിയിലെ ഏറ്റവും വലിയ സമൂഹമാണ് സംസ്ഥാന ജനസംഖ്യയുടെ 24% വരുന്ന ഈഴവ വിഭാഗം. എന്നാല്‍ ഈഴവ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറയുന്ന സാഹചര്യമാണുള്ളത്. ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താന്‍ ആണ് നീക്കം. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്.

എഐസിസി മുന്‍കൈയെടുത്താണ് ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ ശിവഗിരി മഠവുമായി സഹകരിച്ച് നടത്തുന്നതെന്ന് പരിപാടിയുടെ സ്വീകരണ സമിതി ചെയര്മാന് എം ലിജു പറഞ്ഞു. കേരളത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തതെന്നും എം ലിജു പറഞ്ഞു.

എന്നാല്‍, ഇത്തരം ഒരു പരിപാടിയെ കുറിച്ച് അറിയില്ലെന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട്. ‘ഒരു മാസം മുമ്പ് അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചിരുന്നു, പക്ഷേ ഈ പരിപാടിയെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഗുരുദേവനുമായി ഒരിക്കലും ഇടപഴകാത്തവര്‍ ഇപ്പോള്‍ അദ്ദേഹത്തെ ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു തെരഞ്ഞെടുപ്പിന് മുമ്പ് പരിപാടി സംഘടിപ്പിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ ഗുരുദേവനെ ആദരിക്കുമ്പോള്‍, അതിനെ ഒരു രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത് ശരിയാണോ?’ എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.
