
കോട്ടയം ∙ കോട്ടയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ‘അമ്മ’. കഴിഞ്ഞില്ല, പ്രകൃതി, പ്രണയം, നീതി, സ്നേഹം എന്നിങ്ങനെ പോകുന്നു ഇഷ്ടവാക്കുകളുടെ ശേഖരം. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനസമ്പർക്ക വകുപ്പ് കലക്ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിലാണ് കോട്ടയത്തുകാർ ഇഷ്ടവാക്ക് എഴുതിയത്.

കലക്ടറുടെ കാർപോർച്ചിനു തൊട്ടടുത്ത് കലക്ടറേറ്റിലേക്ക് കയറുന്ന ഭാഗത്ത് ഭിത്തിയോടു ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്. മലയാള ദിനാചരണത്തോടനുബന്ധിച്ച് നവംബർ ഒന്നിനു സ്ഥാപിച്ച ബോർഡിൽ 7 വരെ ‘എന്റെ ഇഷ്ട വാക്ക്’ എഴുതാം.സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവർക്കും മലയാളത്തിലെ ഇഷ്ടപ്പെട്ട വാക്ക് എഴുതാൻ അവസരം ഉണ്ട്. മാതാ– പിതാ– ഗുരു, ശാരികപ്പൈങ്കിളി എന്നിങ്ങനെ ബോർഡ് നിറയെ വാക്കുകളാണ്.