തിരുവനന്തപുരം: കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പഴയകാല കേരളത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന് വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടര്ച്ച കേരളത്തിനുണ്ടായി എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തില്‍ 25 വര്‍ഷത്തിനിടെ 90,562 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി വഴി അംഗീകാരം നല്‍കിയത്.
1991 നവംബര്‍ 11 നാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് രൂപീകരിച്ചത്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന ധനകാര്യ വകുപ്പിന് കീഴില്‍ കേന്ദ്രീകൃത ഏജന്‍സിയാണ് കിഫ്ബി രൂപീകരിച്ചത്. 1999-ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമ പ്രകാരമാണ് കിഫ്ബി നിലവില്‍ വന്നത്.

വിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികളടക്കം സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും കിഫ്ബി പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി കേരളത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണെന്നും സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായാല്‍ കിഫ്ബിയിലൂടെ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രിയും പറഞ്ഞു. കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി ആഘോഷ ചടങ്ങില്‍ പ്രകാശനം ചെയ്തു.

