ബംഗളൂരു: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുന്നത് ആഡംബര സൗകര്യത്തോടെയെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് കഴിഞ്ഞ രണ്ടു ദിവസം രാഹുല്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനായുള്ള സൗകര്യം ഒരുക്കിനല്‍കിയത് രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണെന്നുമാണ് വിവരം. ബുധനാഴ്ച വൈകീട്ട് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും രാഹുല്‍ അവിടെ നിന്നും മുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ സഹായിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

രാഹുലിനു സഞ്ചരിക്കാന്‍ വാഹന സൗകര്യം നല്‍കുന്നതും വഴികള്‍ കണ്ടെത്തുന്നതും ബംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. ഇതോടെ ഇനി ഇവരുടെ സഹായം കിട്ടില്ലെന്നാണ് കരുതുന്നത്. മറ്റ് വഴികളില്ലാതെ രാഹുല്‍ കീഴടങ്ങും എന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണും കാറുകളും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ തുടരുന്നത്. സിസിടിവി കാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയാണ് സുഹൃത്തായ യുവനടിയുടെ കാറില്‍ പൊള്ളാച്ചിയില്‍ എത്തിയത്.

അവിടെ നിന്ന് മറ്റൊരു കാറില്‍ കോയമ്പത്തൂരില്‍എത്തി. പിന്നീട് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു റിസോര്‍ട്ടില്‍ കഴിഞ്ഞു. അവിടെ അന്വേഷണസംഘം എത്തുമെന്ന് അറിഞ്ഞതോടെ രാഹുല്‍ ബംഗളുരൂവിലേക്ക് കടക്കുകയായിരുന്നു.

