കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളിൽ പോലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി. ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
പിഎം ശ്രീ പദ്ധതിയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസ് എംപിയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. പാർലമെൻറ് അംഗങ്ങൾ സർക്കാരിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കണം. സഭാ സമ്മേളനത്തിന് മുമ്പ് പാർലമെൻറ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയിൽ ബ്രിട്ടാസ് ആ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
