കൊച്ചി: അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി രാഹുല്‍ ഈശ്വര്‍. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജനുവരി നാലിന് തന്റെ യൂട്യൂബ് ചാനലില്‍ രാഹുല്‍ അപ് ലോഡ് ചെയ്ത വീഡിയോക്കെതിരെ അതിജീവിത രംഗത്തുവന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. വീഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.
രാഹുല്‍ ഈശ്വര്‍ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്കിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമാണ് അന്ന് ജാമ്യം ലഭിച്ചത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30 നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ രാഹുല്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന് വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ വീണ്ടും വിഡിയോ ചെയ്തതോടെയാണ് അതിജീവിത ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

