കണ്ണൂർ: പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലാണെന്ന് സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ്. ജോസഫ് സി മാത്യുവിൻ്റെ ഉപദേശം സിപിഐഎമ്മിന് വേണ്ട. ആർഎംപി ക്കാരാണ് പുസ്ത പ്രകാശന ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനോടുള്ള പക മാത്രമാണ് പുസ്തകത്തിൽ ഉടനീളമുള്ളത്.

പാർട്ടിക്ക് പണം നഷ്ടപ്പെട്ടെന്ന ആരോപണം കുഞ്ഞികൃഷ്ണൻ്റെ ഭാവനാവിലാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്നും സഹകരണ ജീവനക്കാരിൽ നിന്നുമാണ്.
ഓഡിറ്റർമാർ പരിശോധിച്ച വരവ് ചെലവ് കണക്ക് 2022 ജൂണിൽ ഏരിയാ കമ്മറ്റി അംഗീകരിക്കുകയും പിന്നീട് വരവ് ചിലവ് കണക്ക് ബ്രാഞ്ചുകളിൽ അവതരിപ്പിക്കുകയും ചെയ്തതാണ്.

ബൂത്തുകളിൽ അനുഭാവി യോഗങ്ങളിൽ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കുടുംബസംഗമങ്ങളിൽ കണക്ക് അവതരിപ്പിക്കുമെന്നും മാധ്യമങ്ങൾക്ക് മുമ്പാകെ കണക്ക് അവതരിപ്പിക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

