തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പട്ടികജാതി വിരുദ്ധ പരാമര്‍ശത്തില്‍ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. അടൂരിനെതിരെ കേസെടുക്കാനുള്ള സാഹചര്യമില്ല എന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇതോടെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിലേക്കും തുടര്‍നടപടികളിലേക്കും പോകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും എസ്സി/ എസ്ടി കമ്മിഷനിലുമാണ് ദിനു പരാതി നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന പിന്നാക്ക വിഭാഗത്തില്‍പെട്ടവരെ അപമാനിക്കുന്നതാണെന്നാണ് പരാതിയില്‍ പറഞ്ഞത്. അടൂരിനെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ദിനു ആവശ്യപ്പെട്ടിരുന്നു.
ദിനു വെയിലിന്റെ പരാതിയില്‍ കേസെടുക്കാനുള്ള സാഹചര്യമില്ലെന്നാണ് മ്യൂസിയം പോലീസിന് ലഭിച്ച നിയമോപദേശം. അടൂരിന്റെ പ്രസംഗത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ അവഹേളനം പ്രഥമദൃഷ്ട്യാ കണ്ടെത്താന്‍ കഴിയില്ല. അതിനാല്‍ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ കഴിയില്ല എന്നുമാണ് നിയമോപദേശം.

പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്പ്പറേഷന് വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

