കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെതിരെ ഭീഷണി. നടിയുടെ പറവൂരിലെ വീടിന് മുന്നിലെത്തിയ രണ്ടുപേരാണ് ഭീഷണി മുഴക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്നും ഇരുവരും അസഭ്യവര്‍ഷം നടത്തിയതായും പരാതിയില്‍ പറയുന്നു.

നടിയുടെ പിതാവിന്റെ പരാതിയില്‍ പറവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് രണ്ടുതവണ വീതം രണ്ടുപേര്‍ എത്തി ഭീഷണി മുഴക്കിയതെന്ന് പരാതിയില്‍ പറയുന്നു.
വടക്കന്‍ പറവൂരിലെ വീടിന്റെ ഗേറ്റിന് മുന്നിലെത്തിയാണ് ഇരുവരും ഭീഷണിപ്പടുത്തിയത്. ഇവര്‍ അസഭ്യവര്‍ഷവും നടത്തിയതായും പരാതിയില്‍ പറയുന്നു.

ഇന്ന് രാവിലെ റിനിയുടെ പിതാവ് പറവൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരില്‍ റിനി വ്യാപക സൈബര്‍ ആക്രമണം നേരിട്ടിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.

