തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് അടക്കം വിരങ്ങൾ തേടുന്നതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അടൂർ പ്രകാശിന് നോട്ടിസ് നൽകിയാണ് എസ്ഐടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രങ്ങളിലും പാരിതോഷികങ്ങൾ വാങ്ങിയതിലും എസ്ഐടി വ്യക്തത തേടുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണന് പോറ്റിയേയും ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ശബരമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടുവെന്നും ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപെടില്ലെന്നും വേണുഗോപാൽ പറഞ്ഞു.

