തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കാവശ്യമായ തെച്ചി പൂവും തുളസിയും ലഭ്യമാക്കുന്നതിനായി പുതിയ പൂന്തോട്ടം ഒരുക്കി. ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേര്‍ന്നാണ് തെച്ചിയും തുളസിയും നിറഞ്ഞ ‘തെച്ചി പൂങ്കാവനം’പൂന്തോട്ടം സജ്ജമാക്കിയത്.

ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു തെച്ചിപൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം. ക്ഷേത്രം തന്ത്രി പി സി ദിനേശന് നമ്പൂതിരിപ്പാട് നിലവിളക്കില്‍ ദീപം പകര്‍ന്നു. ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് തെച്ചി പൂവിന്റെ ചെടി നട്ടു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥന്, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരും ചെടി നട്ട് പൂജാപുഷ്പങ്ങള്ക്കായുള്ള പൂന്തോട്ട പരിപാലനത്തില്‍ പങ്കാളിയായി.
രണ്ടായിരത്തോളം ചെടികള്‍ നട്ടുവളര്‍ത്താനാണ് ശ്രമം. വടക്കാഞ്ചേരി സ്വദേശി ഐശ്വര്യ സുരേഷിന്റെ വഴിപാട് സമര്‍പ്പണമാണ് ഈ പൂന്തോട്ടം. ചടങ്ങില്‍ ഐശ്വര്യ സുരേഷും കുടുംബാംഗങ്ങളും സുഹൃത്തുക്കളും സന്നിഹിതരായി. ദേവസ്വം മരാമത്ത് എക്സി.എന്‍ജിനീയര്‍ എം കെ അശോക്, കുമാര്‍, അസി.എക്സി.എന്‍ജിനീയര്‍ വി ബി സാബു, അസി.എന്‍ജിനീയര്‍ ഇ കെ നാരായണനുണ്ണി ,മറ്റ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

വഴിപാടു സമര്‍പ്പണമായി പൂന്തോട്ടം ഒരുക്കിയ ഐശ്വര്യ സുരേഷിന് ദേവസ്വം ഉപഹാരം നല്കി. ക്ഷേത്രങ്ങളും ‘ പരിസരവും വൃത്തിയായി പരിപാലിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി സംസ്ഥാന റവന്യൂ, ദേവസ്വം വകുപ്പ്, ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ദേവാങ്കണം ചാരുഹരിതം.

