കോട്ടയം: വലിയ തലവേദന ആകുമെന്ന് കരുതിയ വെളിച്ചെണ്ണ ഓണക്കാലത്ത് സപ്ലൈകോയെ തുണച്ചു. 22 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ഓഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാലുവരെ അവർ വിറ്റത്. 74 കോടി രൂപയുടെ വരുമാനം ഇത് നേടിക്കൊടുത്തു.

വില 500 കടന്നേക്കുമെന്ന് തോന്നിയപ്പോൾ സർക്കാർ എണ്ണ വ്യാപാരികളുമായും കൊപ്ര ഇടപാടുകാരുമായും സംസാരിച്ച് വില നിയന്ത്രണം ആവശ്യപ്പെട്ടിരുന്നു. കിലോഗ്രാമിന് 280-290 രൂപ വരെയായിരുന്നു കൊപ്രവില. വൻതോതിൽ ചൈന കൊപ്ര വാങ്ങിക്കൂട്ടിയതാണ് ആഗോളതലത്തിൽ എണ്ണവില കൂട്ടിയത്.
പക്ഷേ, ഓഗസ്റ്റ് പാതിയോടെ കൊപ്രവില ഇടിഞ്ഞ് തുടങ്ങിയതോടെ വെളിച്ചെണ്ണ വിലയിലും അത് പ്രതിഫലിച്ചു. 529 രൂപയായിരുന്ന കേരഫെഡിന്റെ വെളിച്ചെണ്ണവില 479 -ലേക്ക് താഴ്ത്തി. മൊത്തവിലയ്ക്ക് ഇവർ സപ്ലൈകോയ്ക് വെളിച്ചെണ്ണ കൊടുത്തു. ശബരി ബ്രാന്റിന് കൊപ്ര നൽകുന്നവരും വില കുറച്ചതോടെ ശബരി വെളിച്ചെണ്ണവില സപ്ലൈകോ രണ്ടുതവണയാണ് താഴ്ത്തിയത്.

വെളിച്ചെണ്ണ തേടി ജനം സപ്ലൈകോയിലേക്ക് വന്നതോടെ മൊത്തം വിൽപ്പന കുതിച്ചു. ഒപ്പം കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോഗ്രാം അരി കൂടി കൊടുക്കാൻ തീരുമാനിച്ചതോടെ വിപണി നിയന്ത്രണവിധേയമായി. ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റബർ നാലുവരെ 386.19 കോടി രൂപയാണ് വരുമാനം. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ വരുമാനവുമാണിത്. കഴിഞ്ഞ ഓണത്തിന് 163 കോടി രൂപയായിരുന്നു നേട്ടം.വിപണി മാറ്റത്തിന് ആനുപാതികമായി കഴിയുന്നത്ര ഇനങ്ങൾ ഇനിയും വില കുറച്ചുകൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

