തൃശൂർ:തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തിൽ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നൽകിയ കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.

കൂടാതെ, സൗത്ത് സോൺ കൾച്ചറൽ സെന്റർ (തഞ്ചാവൂർ) പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യും. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അയ്യപ്പ സംഗമം ദേവസ്വം ബോർഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെയും പിന്തുണ ലഭിച്ചു. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിച്ചു.

യുവതി പ്രവേശനത്തിൽ ഇപ്പോൾ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

