തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെതാണ് തീരുമാനം. സ്വര്‍ണം പൂശിയ ദ്വാരപാലകശില്പങ്ങള് ചെമ്പ് തകിട് എന്ന് രേഖപ്പെടുത്തി ഗുരുതരവീഴ്ച വരുത്തി റിപ്പോര്‍ട്ട് നല്‍കിയതിനാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വര്‍ണപ്പാളി വിവാദത്തില്‍ എടുക്കുന്ന ആദ്യനടപടിയാണിത്.

ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് മൂരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. താനൊരു ഉദ്യോഗസ്ഥനാണ്. നടപടി പൂര്‍ണമായി അനുസരിക്കുന്നു. മുപ്പത് വര്‍ഷമായി ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ഇന്നുവരെ നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മൂരാരി ബാബു ആവര്‍ത്തിച്ചു. ചെമ്പുപാളിയായതുകൊണ്ടാണ് അങ്ങനെ എഴുതിയത്. തന്റെ കണ്ണുകളെ വിശ്വസിച്ചാണ് എഴുതിയതെന്നും ശ്രീകോവിലിന്റെ കട്ടിളപ്പാളികളും അത്തരത്തില്‍ കൊണ്ടുപോയെന്നും മൂരാരി ബാബു പറഞ്ഞു.
ശബരിമലയില്‍ സ്വര്‍ണ്ണം പൂശാനായി സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്ന് മുരാരി ബാബു ആവർത്തിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശാന്‍ തീരുമാനിച്ചത്. സ്വര്‍ണ്ണം മങ്ങി ചെമ്പു തെളിഞ്ഞുവെന്ന് തന്ത്രി പറഞ്ഞു. ദ്വാരപാലക ശില്പ്പങ്ങളില് ചെറിയ ശതമാനം സ്വര്‍ണമാണ് പൂശിയിരുന്നത്. എല്ലായിടത്തും ഒരുപോലെ സ്വര്‍ണം പൊതിഞ്ഞിരുന്നില്ല. മേല്‍ക്കൂരയില്‍ മാത്രമാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും സ്വര്‍ണം പൂശുകയാണ് ചെയ്തത്. അതുകൊണ്ടാണ് ചെമ്പു തെളിഞ്ഞത്. കൈമാറിയത്അടിസ്ഥാനപരമായി ചെമ്പു പാളി തന്നെയാണ്. അതുകൊണ്ടാണ് മഹസറില്‍ അങ്ങനെ രേഖപ്പെടുത്തിയത്. എന്നാല്‍ ആ മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറഞ്ഞു.

സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലായിരുന്നു. 2019 ജുലൈ 16ന് സ്ഥാനം ഒഴിഞ്ഞിരുന്നു. തിരുവഭാരണ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പൂശേണ്ടതുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ വന്ന് പരിശോധിച്ച ശേഷമാണ് 2019ല്‍ ഇളക്കി എടുത്തുകൊണ്ട് പോകുന്നതെന്ന് മുരാരി ബാബു പറഞ്ഞു.അഡ്മിനിസ്ട്രേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനം എടുക്കാനാവില്ല. വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണ്. 2019ല്‍ സ്വര്‍ണം പൂശിയപ്പോള്‍ 40 വര്‍ഷത്തെ വാറന്റി കമ്പനി നല്കിയിട്ടുണ്ടായിരുന്നു. ആ കമ്പനിയുടെ റിപ്പോര്‍ട്ടിലാണ് ഇത്തവണ വീണ്ടും ചെയ്ത് തരാമെന്ന് പറയുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയില്‍ കൊടുത്തുവിടാനും കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും മുരാരി ബാബു പറഞ്ഞു.

