കൊച്ചി: ഏറെക്കാലം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിൽ നടിയെ ആക്രമിച്ച കേസിൽ വിധി നാളെ പുറപ്പെടുവിക്കും. എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിലെ വ്യക്തതാ വാദം പൂർത്തിയായതോടെയാണ് വിധി പ്രഖ്യാപനത്തിനുള്ള തീയതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുന്നതിനിടെകോടതി ചോദിച്ച 22 ചോദ്യങ്ങൾക്ക് പ്രോസിക്യൂഷൻ മറുപടി നൽകിയിരുന്നു. എട്ടു വർഷത്തോളം നീണ്ട വിചാരണ നടപടികൾക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാൻ പോകുന്നത്.
ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികളാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

2024 ഡിസംബർ 11നാണ് കേസിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ ഏഴിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. 2025 ഏപ്രിൽ 9-ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. തുടർന്ന് പ്രോസിക്യൂഷന്റെ മറുപടി വാദവും പൂർത്തിയായി. ഏറെ ചർച്ചയായ ഈ കേസ്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ പിറവിക്ക് ഇടയാക്കി. ഇതിനുപുറമേ സിനിമാ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതും ഈ കേസാണ്.

