തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ യുവ അഭിഭാഷകയെ മർദിച്ച കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ മെയ് 13 നായിരുന്നു ജൂനിയർ അഭിഭാഷകയ്ക്ക് മർദനമേറ്റത്. വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്ലിൻ അതിക്രൂരമായി മർദിച്ചത്.
വഞ്ചിയൂർ മഹാറാണി ബിൽഡിങ്ങിലുള്ള ഓഫീസിൽവെച്ചായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയെ മർദിച്ചത്.

സംഭവത്തെ തുടർന്ന് ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഒളിവിൽ പോയ ബെയലിൻ ദാസിനെ മൂന്നു ദിവസത്തിനു ശേഷം തുമ്പ പൊലീസ് ആയിരുന്നു പിടികൂടിയത്. പ്രതിക്ക് പിന്നീട് മൂന്നു ദിവസത്തെ ജയിൽ വാസത്തിനു ശേഷം തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

